അസരങ്ക സെമിയിൽ
മെൽബണ്‍: വിക്ടോറിയ അസരങ്ക ഓസ്ട്രേലിയൻ ഓപ്പണ്‍ സെമി ഫൈനലിൽ. മൂന്നാം സീഡായ ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് അസരങ്കയുടെ മുന്നേറ്റം. സ്കോർ: 6-4, 6-1. മത്സരം ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടു. സെമിയിൽ വിംബിൾഡണ്‍ ജേതാവും കസാഖ്സ്ഥാനിൽനിന്നുള്ള 22-ാം സീഡുമായ എലീന റൈബക്കിനയാണ് അസരങ്കയുടെ എതിരാളി. യെലീന ഒസ്റ്റപെങ്കോയെ കീഴടക്കിയാണു റൈബക്കിനയുടെ മുന്നേറ്റം. രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള അസരങ്ക, ഒരു ദശാബ്ദത്തിനിടെ ആദ്യമായാണു ടൂർണമെന്റിന്റെ സെമിയിലെത്തുന്നത്. പുരുഷവിഭാഗത്തിൽ ഗ്രീക്ക് താരമായ സ്റ്റെഫാനോസ് സിറ്റ്സിപസും സെമിയിൽ കടന്നിട്ടുണ്ട്. ചെക്ക് താരം ജിരി ലെഹെക്കെയെ 6-3, 7-6(2), 6-4 എന്ന സ്കോറിനു കീഴടക്കിയാണു മൂന്നാം സീഡായ സിറ്റ്സിപസിന്റെ കുതിപ്പ്. റഷ്യയുടെ കാരണ് ഖാച്ചമോവാണു സെമിയിൽ സിറ്റ്സിപസിന്റെ എതിരാളി.
സാനിയ സെമിയിൽ ഇന്ത്യൻ മിക്സഡ്-ഡബിൾസ് സഖ്യമായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ വാക്കോവർ നേടിയാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. ക്വാർട്ടറിൽ മിക്സഡ് ഡബിൾസ് വിഭാഗത്തിലെ പത്താം നന്പർ സീഡുകളായ ലാറ്റ്വിയൻ-സ്പാനിഷ് സഖ്യം യെലീന ഒസ്റ്റാപെങ്കോ-ഡേവിഡ് വീഗ ഹെർണാണ്ടസ് ജോഡിയെയായിരുന്നു ഇന്ത്യൻ താരങ്ങൾ നേരിടേണ്ടിയിരുന്നത്. എന്നാൽ, മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു. വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാന പ്രധാന ടൂർണമെന്റാണിത്.
Source link