മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ. ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെ പരാജയപ്പെടുത്തിയാണ്, ഒന്‍പതുവട്ടം ജേതാവായ ജോക്കോയുടെ മുന്നേറ്റം. സ്കോർ 6-2, 6-1, 6-2. ക്വാർട്ടറിൽ റഷ്യൻ താരം ആന്ദ്രെ റുബ്ളേവാണു ജോക്കോവിച്ചിന്റെ എതിരാളി. ഓസ്ട്രേലിയൻ മണ്ണിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ 38-ാം വിജയമാണിത്. ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിലെ തുടർ വിജയങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണു ജോക്കോ. 26 വിജയങ്ങളുള്ള അമേരിക്കൻ ടെന്നീസ് താരം ആന്ദ്രെ അഗാസിയാണ് ഒന്നാമത്. റോഡ് ലേവർ അരീനയിൽ ഡാനിഷ് താരം ഓൾഗർ റൂണിനെ പരാജയപ്പെടുത്തിയാണ് റഷ്യൻ താരമായ ആന്ദ്രെ റുബ്ളേവിന്റെ മുന്നേറ്റം. സ്കോർ: 6-3, 3-6, 6-3, 4-6, 7-6 (11/9). ഇതുരണ്ടാം തവണയാണു റുബ്ളേവ് ഓസ്ട്രേലിയൻ ഓപ്പണ്‍ ക്വാർട്ടറിൽ കടക്കുന്നത്.
സാനിയ മുന്നോട്ട് ഇന്ത്യൻ ടെന്നീസ് താരങ്ങളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ 6-4, 7-6 എന്ന സ്കോറിന് ഏരിയൽ ബെഹാർ- മക്കാതോ നെനോമിയ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡിയുടെ മുന്നേറ്റം. യെലേന ഒസ്റ്റാപെങ്കോ-ഡേവിഡ് വീഗ ഹെർണാണ്ടസ് ജോഡി ആകും ക്വാർട്ടറിൽ ഇന്ത്യൻ ജോഡികളുടെ എതിരാളികൾ. പ്രഫഷണൽ ടെന്നീസിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന പ്രധാന ടൂർണമെന്റാണിത്. ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ ഡബിൾസിൽനിന്നു സാനിയ സഖ്യം കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
Source link