മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഗോളടിച്ചുകൂട്ടി നോർവീജിയൻ താരം എർലിംഗ് ഹാലണ്ട്. വൂൾവ്സിനെതിരായ ഹോം മത്സരത്തിൽ ഹാട്രിക് ഗോൾ നേടിയതോടെ ഹാലണ്ട് പുതിയ റിക്കാർഡ് കുറിച്ചു. ഈ സീസണിൽ ഹാലണ്ടിന്റെ നാലാം ഹാട്രിക്കാണ്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഹാട്രിക് എന്നതിൽ അലൻ ഷീയററിന്റെ (അഞ്ച്) തൊട്ട് പിന്നിലെത്തി ഹാലണ്ട്. നാല് ഹാട്രിക്കിൽ അതിവേഗം (19 മത്സരങ്ങൾ) എത്തുന്ന റിക്കാർഡും ഹാലണ്ട് സ്വന്തമാക്കി. എത്തിഹാദ് സ്റ്റേഡിയത്തിൽ ഈ സീസണിൽ പ്രീമിയർ ലീഗിൽ 11 മത്സരങ്ങളിൽ 18 ഗോൾ ഹാലണ്ട് തികച്ചതോടെയാണിത്. ഒരു സിംഗിൾ പ്രീമിയർ ലീഗ് സീസണിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡാണ് ഹാലണ്ട് കുറിച്ചത്. 2011-12 സീസണിൽ സെർജിയൊ അഗ്വേറൊ നേടിയ 11 ഗോൾ ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
40, 50 (പെനാൽറ്റി), 54 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോൾ. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 3-0ന് ജയം സ്വന്തമാക്കി. 20 മത്സരങ്ങളിൽനിന്ന് 45 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. ആഴ്സണൽ ആണ് ഒന്നാം സ്ഥാനത്ത്.
Source link