വീണ്ടും പൊട്ടി; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തുടർച്ചയായ രണ്ടാം തോൽവി. എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-3ന് എഫ്സി ഗോവയോട് പരാജയപ്പെട്ടു. മത്സരത്തിന്റെ 35-ാം മിനിറ്റിൽ ഐകർ ഗ്വാർട്ടോക്സെന്നയുടെ പെനാൽറ്റി ഗോളിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആദ്യ ഗോൾ വഴങ്ങിയത്. ഗോവ താരം ബ്രണ്ടൻ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്സ് ബോക്സിൽ വീണതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. റീപ്ലേയിൽ പെനാൽറ്റി അല്ലായിരുന്നു എന്ന് തെളിഞ്ഞു. എന്നാൽ, 43 -ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പിഴവിൽനിന്ന് ഗോവ ലീഡ് 2-0 ആക്കി. നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ രണ്ടാം ഗോൾ. ആദ്യപകുതിയിൽ വഴങ്ങിയ രണ്ട് ഗോളിനുള്ള മറുപടി 51-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമാന്റകോസിലൂടെ ബ്ലാസ്റ്റേഴ്സ് നൽകി. ബ്ലാസ്റ്റേഴ്സ് 1-2 ഗോവ.
എന്നാൽ, 69-ാം മിനിറ്റിൽ റഡീം ത്ലാങ് ഗോവയുടെ മൂന്നാം ഗോളും സ്വന്തമാക്കി. മാർക്ക് ചെയ്യപ്പെടാതെനിന്ന താരം അനായാസം ഗോൾ നേടുകയായിരുന്നു. ലീഗിൽ 14 മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. 23 പോയിന്റുമായി ഗോവ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ ആറ് സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് യോഗ്യത ലഭിക്കുക.
Source link