മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയ്ക്കെതിരേ അവരുടെ തട്ടകമായ മഡ്ഗാവിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ ഇറങ്ങും. രാത്രി 7.00നാണ് കിക്കോഫ്. 2021-22 ഐഎസ്എൽ ഫൈനലിൽ ഹൈദാരാബാദിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിനുശേഷം ഫത്തോർഡ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്ന ആദ്യ മത്സരമാണ്. മസിൽ പരിക്കുള്ള ക്രൊയേഷ്യൻ സെന്റർ ഡിഫെൻഡർ മാർക്കൊ ലെസ്കോവിച്ച് ഗോവയ്ക്കെതിരായ ഇന്നത്തെ മത്സരത്തിലും കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് അറിയിച്ചു. മുംബൈ സിറ്റിക്ക് എതിരായ കഴിഞ്ഞ മത്സരത്തിലും ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നില്ല. അതേസമയം, വിംഗ് ബാക്കായ സന്ദീപ് സിംഗ് ഒരു മത്സര വിലക്ക് കഴിഞ്ഞ് ഇന്ന് തിരിച്ചെത്തുന്നത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമാണ്. നാല് മഞ്ഞക്കാർഡ് കണ്ടതോടെയുള്ള ഒരു മത്സര വിലക്കുള്ളതിനാൽ മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സന്ദീപ് സിംഗ് ഇറങ്ങിയിരുന്നില്ല. മുംബൈക്കെതിരായ 4-0ന്റെ തോൽവിയുടെ ആഘാതം കുറയ്ക്കാൻ ജയം പ്രതീക്ഷിച്ചാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്.
ലീഗിൽ 13 മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ 20 പോയിന്റുമായി എഫ്സി ഗോവ ആറാമതുണ്ട്. 39 പോയിന്റുമായി മുംബൈ സിറ്റിയും 35 പോയിന്റുമായി ഹൈദരാബാദുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
Source link