ഇന്ത്യ x ന്യൂസിലൻഡ് രണ്ടാം ഏകദിന ക്രിക്കറ്റിന്റെ ടോസിനിടെ രോഹിത് ശർമയുടെ അഭിനയം കണ്ട് ചിരിക്കാത്തവർ ചുരുക്കം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് എന്താണ് തെരഞ്ഞെടുക്കുന്നതെന്ന് അറിയാൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥവും ആരാധകരും ടോസിനെത്തിയ കമന്റേറ്ററുമെല്ലാം ആകാംക്ഷയിൽ. എന്നാൽ, അയ്യോ എല്ലാം മറന്നുപോയല്ലോ എന്നു നെറ്റിയിൽ കൈവച്ച് കണ്ണടച്ച് രോഹിത് മൈതാനത്തിന്റെ നടുക്ക്. ടോം ലാഥമിനെ പോലും ചിരിപ്പിച്ച നിമിഷമായിരുന്നു അത്. രോഹിത്തിന്റെ കോമഡി അഭിനയം കണ്ട് ആരാധകരിലും ചിരിപൊട്ടി. മത്സരം പുരോഗമിക്കുന്നതിനിടെ അന്പയർ നിതിൻ മേനോനെയും രോഹിത് കബളിപ്പിച്ചു. അന്പയറുമായി സംസാരിക്കുന്നതിനിടെ പന്തു തലയിൽ കൊള്ളാൻ വരുന്നതായി അഭിനയിച്ച് രോഹിത് ഓടി. അതുകണ്ട് ഞൊടിയിടയിൽ നിതിൻ മേനോനും പന്ത് കൊള്ളാതിരിക്കാൻ തലയിൽ കൈവച്ചു… പരിശീലകൻ രാഹുൽ ദ്രാവിഡ് പോലും ചിലിച്ച നിമിഷം… ടോസ് നേടിയശേഷം രോഹിത് ബൗളിംഗ് തെരഞ്ഞെടുക്കാൻ എടുത്ത സമയം പോലും ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് നീണ്ടില്ല എന്ന തരത്തിലുള്ള തമാശകൾ സോഷ്യൽ മീഡിയയിലും പറപറക്കുന്നുണ്ട്…
ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിനുശേഷവും രോഹിത് തമാശ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ, ബംഗ്ലാദേശിനെതിരേ ഇരട്ടസെഞ്ചുറി നേടിയ ഇഷാൻ കിഷൻ എന്നിവരായിരുന്നു രോഹിത്തിനൊപ്പമുണ്ടായിരുന്നത്. രോഹിത്തും ഇഷാനും ഇരട്ടസെഞ്ചുറി ക്ലബ്ബിലേക്ക് ഗില്ലിനെ സ്വാഗതം ചെയ്തു. തുടർന്ന് രോഹിത് ഇഷാൻ കിഷനോടായി ചോദിച്ചത് ഇങ്ങനെ: ‘അല്ല ഇഷാൻ താങ്കൾ ഇരട്ടസെഞ്ചുറി നേടിയശേഷമുള്ള മൂന്ന് ഏകദിനങ്ങളിൽ കളിച്ചില്ലല്ലോ…? അതെന്തുപറ്റി…?’ ചിരിയോടെയുള്ള ഇഷാന്റെ മറുപടിയായിരുന്നു ഏറെ ശ്രദ്ധേയം: ‘ഭായ്, താങ്കളല്ലേ ക്യാപ്റ്റൻ…’ ഇതുകേട്ട രോഹിത് ആർത്തുല്ലസിച്ചായിരുന്നു ചിരിച്ചത്…
Source link