തോമസ് വർഗീസ് തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗണ്‍സിലിനു കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിൽ താമസിച്ച് പരിശീലനം നടത്തുന്ന കായികതാരങ്ങൾക്ക് ഭക്ഷണ അലവൻസ് ലഭിക്കാൻ ഹാജർ മാത്രം പോരാ. 2022 ഡിസംബർ 28 ന് സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ ഇറക്കിയ ഉത്തരവ് പ്രകാരം വിദ്യാർഥികളുടെ ഹാജർ പരിശോധിച്ച് അവർക്ക് ലഭിക്കേണ്ട ഭക്ഷണ അലവൻസ് നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ഈ മാസം വിവിധ ജില്ലകളിലെ സ്പോർട്സ് കൗണ്‍സിലുകൾ സ്പോർട്സ് ഹോസ്റ്റലുകൾക്ക് നല്കിയ കത്തിൽ വ്യക്തമാക്കുന്നത് 2022 ഡിസംബർ മുതൽ ഹാജരിന്റെ അടിസ്ഥാനത്തിൽ മാത്രം താരങ്ങളുടെ ഭക്ഷണ അലവൻസ് നല്കാൻ കഴിയില്ല. ഹാജരിനൊപ്പം ബില്ലുകളും വൗച്ചറുകളും വേണമെന്നാണ്. എയ്ഡഡ് കോളജുകളും സ്കൂളുകളുമായി ബന്ധപ്പെട്ട സ്പോർട്സ് ഹോസ്റ്റലുകളിൽ ഏഴുമാസമായി ഭക്ഷണ അലവൻസ് ലഭിച്ചിട്ടെങ്കിൽ സ്പോർട്സ് കൗണ്‍സിലിന്റെ നേരിട്ടു നിയന്ത്രണമുള്ള സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലുകളിൽ പലതിനും മൂന്നുമാസം വരെ അലവൻസ് കുടിശികയായി.
ഒരുകുട്ടിക്ക് പ്രതിദിനം 250 രൂപ എന്ന നിരക്കിലാണ് ഭക്ഷണ അലവൻസ് നല്കി വരുന്നത്. മാസങ്ങളായി കുടിശികയായ തുക എന്നു നല്‍കുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി പറയാൻ അധികൃതർക്കും കഴിയുന്നില്ല. ഇത്തരം അലവൻസുകൾ അനുവദിക്കുന്നത് സ്പോർട്സ് കൗണ്‍സിലിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ്. നിലവിൽ കൗണ്‍സിലിന്റെ പ്ലാൻ ഫണ്ട് ശൂന്യമാണ്. സർക്കാരിൽ നിന്ന് രണ്ടുകോടി രൂപ പ്ലാൻ ഫണ്ടായി ലഭിക്കുമെന്നും അപ്പോൾ ഹോസ്റ്റലുകളിലെ കുടിശിക നല്‍കാമെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾക്ക് ഭക്ഷണ അലവൻസ് ലഭിച്ചിട്ടില്ല. അലവൻസ് ലഭിക്കാത്തത് സംബന്ധിച്ച് പരാതി പറയാൻ പല കായികാധ്യാപകർക്കും പേടിയാണ്. ഇത്തരം പരാതികൾ ഉന്നയിച്ചാൽ തുടർന്ന് പ്രതികാര നടപടികൾ ഉണ്ടാകുമെന്ന പേടിയിലാണ് പലരും പരാതിയുമായി മുന്നോട്ടുപോവാത്തത്.
Source link