ലാസ്റ്റ് ഡാൻസ്!
അനന്തമായ പരിവാരങ്ങളുടെ കൊട്ടുംകുരവയും അകന്പടിസേവിക്കുന്ന രണ്ടു താരരാജാക്കന്മാർ മരുഭൂമിയിലെ പുൽത്തകിടിയിൽ നേർക്കുനേർ പന്തുതട്ടി.. ആ രണ്ടു രാജാക്കന്മാരെ ഒന്നിച്ച് ഒരൊറ്റ ഫ്രെയ്മിൽ കാണാൻ കാൽപ്പന്ത് ലോകത്തിന് ഇനി സാധിക്കുമോ…? സാധിക്കുമെങ്കിൽ അതിനായി ഇനിയെത്രനാൾ കാത്തിരിക്കേണ്ടിവരും…? അതെ, ഫുട്ബോളിലെ രാജാക്കന്മാരായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസിയും സൗദി അറേബ്യയിലെ റിയാദിൽ സൗഹൃദമത്സരത്തിൽ പരസ്പരം പോരടിച്ചു. റിയാദ് ഓൾ സ്റ്റാർ ഇലവന്റെ നായകനായി ഇറങ്ങിയ റൊണാൾഡോ രണ്ട് ഗോൾ നേടിയപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ആദ്യഗോൾ മെസിയുടെ വകയായിരുന്നു. 5-4നു പിഎസ്ജി ജയിച്ച മത്സരത്തിൽ ഗോളടിച്ച് തുടങ്ങിയതും മെസി. ഫുൾ ചാർജ് ലയണൽ മെസി x ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതായിരുന്നു റിയാദിലെ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സരത്തിന്റെ ടിക്കറ്റിനായി 20 ലക്ഷം ഓണ് ലൈൻ അപേക്ഷ വന്നതും 21 കോടി രൂപ മുടങ്ങി ഒരു ആരാധകൻ വിഐപി ടിക്കറ്റ് ലേലത്തിൽ എടുത്തതുമെല്ലാം ഈ താര രാജാക്കന്മാരുടെ പോരാട്ടത്തിന്റെ ഹൈപ്പുകളായിരുന്നു. അതുപോലെതന്നെയായിരുന്നു മത്സരവും. മൂന്നാം മിനിറ്റിൽ നെയ്മറിന്റെ പാസിൽ മെസി പിഎസ്ജിക്ക് ലീഡ് നൽകി. 34-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ റൊണാൾഡോ റിയാദ് ടീമിനെ ഒപ്പമെത്തിച്ചു. തുടർന്ന് പിഎസ്ജിക്കായി മാർക്കീഞ്ഞോസ് (43’), സെർജിയൊ റാമോസ് (53’), കൈലിയൻ എംബാപ്പെ (60, പെനാൽറ്റി), ഹ്യൂഗോ എകിറ്റെകെ (78’) എന്നിവർ ഗോൾ നേടി. 45+6-ാം മിനിറ്റിൽ റൊണാൾഡോ റിയാദിന്റെ രണ്ടാം ഗോൾ നേടി. ജാങ് ഹ്യൂൻ സൂ (56’), ആന്ദ്രേസണ് തലിസ്ക (90+4’) എന്നിവരും റിയാദ് ഓൾ സ്റ്റാർ ഇലവനുവേണ്ടി ഗോൾ നേടി. ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ പെനാൽറ്റി പാഴായതും 39-ാം മിനിറ്റിൽ പിഎസ്ജിയുടെ ഹ്വാൻ ബെർനാട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തായതും മാത്രമായിരുന്നു മത്സരത്തിന്റെ രണ്ട് നിരാശാജനകമായ മുഹൂർത്തങ്ങൾ.
തുല്യർ റൊണാൾഡോയും മെസിയും തമ്മിൽ ക്ലബ്ബിനും രാജ്യത്തിനുമായി നേർക്കുനേർ ഇറങ്ങിയ 37-ാം മത്സരമായിരുന്നു റിയാദിലേത്. നേർക്കുനേർ പോരാട്ടത്തിൽ ഇരുവർക്കും ഇതോടെ 22 ഗോൾ വീതമായി. അസിസ്റ്റിൽ മെസിക്കാണ് (12) റൊണാൾഡോയേക്കാൾ (1) മുൻതൂക്കം. റിയാദിലെ മത്സരത്തിന്റെ 61-ാം മിനിറ്റിൽ റൊണാൾഡോയെ പിൻവലിച്ചു. 62-ാം മിനിറ്റിൽ പിഎസ്ജി മെസിയെയും നെയ്മറിനെയും തിരികെ വിളിക്കുകയും ചെയ്തു. 2020 ചാന്പ്യൻസ് ലീഗിൽ ആയിരുന്നു മെസിയും റൊണാൾഡോയും ഇതിനു മുന്പ് നേർക്കുനേർ ഇറങ്ങിയത്. ഇന്ത്യൻ സാന്നിധ്യമായി ബച്ചൻ… ലയണൽ മെസി x ക്രിസ്റ്റ്യാനോ റൊണാൾഡോ സൂപ്പർ ഡ്യൂപ്പർ പോരാട്ടത്തിനു സാക്ഷ്യംവഹിക്കാൻ ബോളിവുഡ് ഇതിഹാസമായ അമിതാഭ് ബച്ചൻ റിയാദിൽ എത്തിയിരുന്നു. മത്സരത്തിനു മുന്പ് ഇരുടീമിലെയും കളിക്കാരെ അമിതാഭ് ബച്ചൻ പരിചയപ്പെട്ടു. മെസിക്കും റൊണാൾഡോയ്ക്കും ഒപ്പം കുറച്ചധികം സമയം ബച്ചൻ സംസാരിക്കുകയും ചെയ്തു. മൂന്ന് ഇതിഹാസങ്ങളുടെ സംഗമം എന്നാണ് ഇന്ത്യൻ ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.
Source link