ഹോക്കി ലോകകപ്പ്: ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം സമനിലയില്‍
റൂർകേല: ഹോക്കി ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കു സമനില. പൂൾ ഡി മത്സരത്തിൽ ഇംഗ്ലണ്ടുമായാണ് ഇന്ത്യ സമനില വഴങ്ങിയത്. ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ സാധിച്ചില്ല. ആദ്യ 18 മിനിറ്റിനിടെ ലഭിച്ച ആറു പെനൽറ്റി കോർണറുകളിൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇന്ത്യയും പെനൽറ്റി കോർണറുകൾ നഷ്ടപ്പെടുത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ സ്പെയ്നിനെ തോൽപ്പിച്ചിരുന്നു. നാലു പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോൾ ശരാശരിയിൽ ഇന്ത്യയെക്കാൾ മുന്നിലാണ് ഇംഗ്ലണ്ട്.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ബെൽജിയം, ജർമനി, നെതർലൻഡ്സ്, ന്യൂസിലൻഡ് എന്നീ ടീമുകളും വിജയിച്ചു. ന്യൂസിലൻഡ് ചിലിയെ 3-1ന് പരാജയപ്പെടുത്തി. മലേഷ്യക്കെതിരേ ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു നെതർലൻഡ്സിന്റെ വിജയം. ബെൽജിയം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കൊറിയയെ തകർത്തു. ജർമനി 3-0 എന്ന സ്കോറിനു ജപ്പാനെ വീഴ്ത്തി.
Source link