ലങ്കാദഹനം; പരന്പര തൂത്തുവാരി ഇന്ത്യ
കാര്യവട്ടം: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പര ചരിത്രവിജയത്തോടെ തൂത്തുവാരി ഇന്ത്യ. കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ബാറ്റിംഗിൽ വിരാട് കോഹ്ലി (110 പന്തിൽ 166), ശുഭ്മൻ ഗിൽ (97 പന്തിൽ 116) എന്നിവരും ബൗളിംഗിൽ മുഹമ്മദ് സിറാജിന്റെ തകർപ്പൻ പ്രകടനവുമാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട പരന്പര 3-0ന് ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 390 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 22-ാം ഓവറിൽ 73 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് 10 ഓവറിൽ 34 റണ്‍സ് വിട്ടുകൊടുത്തു നാലു വിക്കറ്റ് നേടി. സ്കോർ: ഇന്ത്യ- 390/5 (50 ഓവർ); ശ്രീലങ്ക- 73/10 (22 ഓവർ). പരന്പരയിൽ രണ്ടു സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണു പരന്പരയിലെയും മത്സരത്തിലെയും താരം. ഗില്ലാട്ടം റണ്‍ വരൾച്ച നേരിടുന്ന പിച്ചെന്നു പഴികേട്ട കാര്യവട്ടത്ത് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ശുഭ്മൻ ഗില്ലാണ് ഓപ്പണറായെത്തിയത്. ഇരുവരും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനു മികച്ച അടിത്തറയിട്ടു. ആദ്യ 10 ഓവറിൽ 75 റണ്‍സ് സ്വന്തമാക്കിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് 95-ാം റണ്‍സിൽ നഷ്ടമായി. 42 റണ്‍സ് എടുത്ത രോഹിത് ശർമയെ കരുണരത്നയുടെ പന്തിൽ ഫെർണാണ്ടോ പിടിച്ചു പുറത്താക്കി. മൂന്നു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. പിന്നാലെയെത്തിയ വിരാട് കോഹ്ലി ആദ്യ ഓവറിൽതന്നെ ബൗണ്ടറി പായിച്ചു വരവറിയിച്ചു. 17-ാം ഓവറിൽ വാൻഡർസെയുടെ പന്ത് തുടർച്ചയായി രണ്ടുതവണ കോഹ്ലി ബൗണ്ടറിയിലേക്കു പായിച്ചു. 19-ാം ഓവറിൽ ഗിൽ അർധശതകം നേടി. 52 പന്തിൽ എട്ടു ബൗണ്ടറിയോടെയായിരുന്നു നേട്ടം. ഗിൽ -കോഹ്ലി സഖ്യം 24-ാം ഓവറിൽ ഇന്ത്യൻ സ്കോർ 150 കടത്തി. നുവിനിഡോ ഫെർണാണ്ടോ എറിഞ്ഞ 31-ാം ഓവറിലെ അവസാന പന്തിൽ ഗിൽ സെഞ്ചുറി തികച്ചു. 89 പന്തിൽ 11 ബൗണ്ടറിയും രണ്ട് സിക്സുമുൾപ്പെട്ട ഇന്നിംഗ്സ്. 32-ാം ഓവറിൽ മൂന്നു ബൗണ്ടറി ഉൾപ്പെടെ ഗിൽ 13 റണ്‍സ് നേടി. തൊട്ടടുത്ത ഓവറിൽ കസുണ് രജിതയുടെ പന്തിൽ ഗിൽ ബൗൾഡ്. 97 പന്തിൽ 14 ബൗണ്ടറിയും രണ്ട് സിക്സറും ഉൾപ്പെടെ 116 റണ്‍സോടെ മടക്കം. വിരാടവാഴ്ച തുടർന്നെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യൻ സ്കോർ ഉയർത്തി. 37-ാം ഓവറിൽ ഇന്ത്യ 250 റണ്‍സും 42.5 ഓവറിൽ 300 റണ്‍സും പിന്നിട്ടു. 43-ാം ഓവറിലെ അവസാന പന്തിലായിരുന്നു കാര്യവട്ടം കാത്തിരുന്ന കോഹ്ലിയുടെ സെഞ്ചുറി; അതും 85 പന്തിൽ 10 ബൗണ്ടറിയുടേയും ഒരു സിക്സറിന്റെയും അകന്പടിയോടെ. നൂറു പിന്നിട്ടതോടെ കോഹ്ലി ആക്രമണകാരിയായി. 45-ാം ഓവറിൽ കരുണരത്നയ്ക്കെതിരേ രണ്ട് സിക്സും ബൗണ്ടറിയും കോഹ്ലി അടിച്ചുകൂട്ടി. ഇടയ്ക്കുവച്ച് ശ്രേയസ് അയ്യരും (32 പന്തിൽ 38), കെ.എൽ രാഹുലും (ഏഴ്) വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവും (നാല്) മടങ്ങിയെങ്കിലും കോഹ്ലി ആക്രമണത്തോത് കുറച്ചില്ല. 49.1-ാം ഓവറിൽ ലഹിരു കുമാരയെ സിക്സ് പറത്തി കോഹ്ലി 150 റണ്‍സ് കടന്നു. ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കുന്പോൾ കോഹ്ലിയുടെ പേരിൽ പിറന്നത് 166 റണ്‍സ്. 85 പന്തിൽനിന്ന് സെഞ്ചുറി നേടിയ കോഹ്ലി ശേഷിച്ച 25 പന്തിൽനിന്ന് 66 റണ്‍സാണ് വാരിക്കൂട്ടിയത്. കൂട്ടക്കുരുതി 391 വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് ഒരു ഘട്ടത്തിൽപ്പോലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. മുഹമ്മദ് സിറാജിന്റെ തീപാറും ബൗളിംഗിനു മുന്നിൽ ലങ്കയുടെ മുൻനിര തകർന്നു. സ്കോർ രണ്ടക്കം കടക്കുംമുന്പേ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സ് എടുത്ത അവിഷ്ക ഫെർണാണ്ടോ സിറാജിന്റെ പന്തിൽ ശുഭ്മൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങി. സിറാജ് പ്രഹരം തുടർന്നതോടെ ലങ്കൻ സ്കോർ 50ൽ എത്തിയപ്പോൾ ഏഴു മുൻനിര ബാറ്റർമാർ പവലിയനിൽ തിരിച്ചെത്തി. പിന്നെയൊക്കെ വെറും ചടങ്ങ് മാത്രം. ഒടുവിൽ 22-ാം ഓവറിൽ ലങ്ക 73 റണ്‍സിന് ഓൾ ഒൗട്ട്. മൂന്നു പേർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. 19 റണ്‍സ് നേടിയ നുവാൻഡിയു ഫെർണാണ്ടോയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ദസുൻ ഷനക (11),കസുൻ രജിത (13) എന്നിവരാണു രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. ഫീൽഡിംഗിനിടെയുണ്ടായ കൂട്ടിയിടിയിൽ പരിക്കേറ്റ രണ്ടു ലങ്കൻ താരങ്ങളിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാഹചര്യത്തിൽ കണ്ടീഷണൽ സബ്സ്റ്റിറ്റ്യൂട്ട് വ്യവസ്ഥയിൽ ഒരു താരത്തിനു പകരം ദുനിത് വെല്ലാലഗെയ്ക്കു ബാറ്റിംഗിന് അവസരം നൽകി. പരിക്കേറ്റ രണ്ടാമത്തെ താരത്തിനു പകരക്കാരനെ അനുവദിച്ചില്ല. ഇതോടെ ഒന്‍പതു വിക്കറ്റ് നഷ്ടമായപ്പോൾ ലങ്ക ബാറ്റിംഗ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് 317 റണ്‍സിന്റെ റിക്കാർഡ് ജയം. ജനുവരി 15 വിരാട് കോഹ്ലിക്ക് ജനുവരി 15 സെഞ്ചുറിയുടെ ദിനം. ഇന്നലെ കാര്യവട്ടത്തു മിന്നുംസെഞ്ചുറി നേടിയ വിരാട് ഇതിനുമുന്‍പും ജനുവരി 15ന് സെഞ്ചുറി നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളിലും ഒരു ടെസ്റ്റിലും ജനുവരി 15ന് വിരാട് സെഞ്ചുറി നേടി. 2017 ജനുവരി 15ന് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ വിരാട് 102 പന്തിൽ 122 റണ്‍സ് നേടി. 2018 ജനുവരി 15ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടെസ്റ്റിലും സെഞ്ചുറിക്ക് ഉടമയായി (217 പന്തിൽ 153). 2019ൽ ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിനത്തിൽ 112 പന്തിൽ വിരാട് 104 റണ്‍സ് നേടി. ഇന്നലെ കാര്യവട്ടത്ത് 110 പന്തിൽ 166 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. വിരാടിന്റെ ഏകദിന കരിയറിലെ രണ്ടാമത്തെ ഉയർന്ന സ്കോറാണിത്.
ചരിത്രജയം- 317 കാര്യവട്ടത്ത് ഇന്ത്യ ശ്രീലങ്കയെ 317 റണ്‍സിന് പരാജയപ്പെടുത്തിയപ്പോൾ കടപുഴകിയത് നിരവധി റിക്കാർഡുകൾ. റണ്‍ അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരേ നേടിയത്. 15 വർഷം മുന്‍പ് 2008ൽ അയർലൻഡിനെതിരേ ന്യൂസിലൻഡ് കുറിച്ച 290 റണ്‍സിന്റെ ജയമെന്ന റിക്കാർഡാണ് രോഹിത് ശർമയും സംഘവും തിരുത്തിയെഴുതിയത്. ഇതിനുമുന്‍പ് 2007 ക്രിക്കറ്റ് ലോകകപ്പിൽ ബർമുഡയ്ക്കെതിരേ നേടിയ 257 റണ്‍സിന്റെ ജയമായിരുന്നു റണ്‍സിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. അന്ന് ടീമിന്റെ നായകനായിരുന്ന രാഹുൽ ദ്രാവിഡാണ് ഇപ്പോൾ ടീം ഇന്ത്യയുടെ കോച്ചെന്നതും യാദൃച്ഛികം. തകര്‍ന്ന റിക്കാര്‍ഡുകള്‍ സച്ചിൻ തെണ്ടുൽക്കറുടെ ഒരു റിക്കാർഡ് കൂടി മറികടന്ന് വിരാട് കോഹ്ലി. ഇന്നലെ ശ്രീലങ്കയ്ക്കെതിരേ സെഞ്ചുറി നേടിയ കോഹ്ലി, നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ നേട്ടമാണ് പഴങ്കഥയാക്കിയത്. ഇന്ത്യയിൽ കോഹ്ലിയുടെ 21-ാം ഏകദിന സെഞ്ചുറിയാണിത്. 160 ഇന്നിംഗ്സുകളിലാണ് സച്ചിൻ ഇന്ത്യയിൽ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കിൽ കോഹ്ലി 101 ഇന്നിംഗ്സിലാണ് ഇതു മറികടന്നത്. കോഹ്ലിയുടെ ഏകദിന കരിയറിലെ 46-ാം സെഞ്ചുറിയാണ് കാര്യവട്ടത്ത് പിറന്നത്. 49 സെഞ്ചുറി നേടിയ സച്ചിൻ മാത്രമാണ് ഈ നേട്ടത്തിൽ കോഹ്ലിക്കു മുന്നിലുള്ളത്. ഏകദിനക്രിക്കറ്റിൽ ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായി വിരാട് കോഹ്ലി. ശ്രീലങ്കയ്ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോഹ്ലി ചരിത്രം കുറിച്ചത്. ഓസ്ട്രേലിയക്കെതിരേ ഒന്‍പതു സെഞ്ചുറി നേടിയ സച്ചിന്റെ റിക്കാർഡാണ് കോഹ്ലി മറികടന്നത്. വെസ്റ്റ് ഇൻഡീസിനെതിരേയും കോഹ്ലി ഒന്‍പതു സെഞ്ചുറികൾ നേടിയിട്ടുണ്ട്. ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന നേട്ടം നേരത്തേതന്നെ കോഹ്ലി പേരിലാക്കിയിരുന്നു. എട്ടു സെഞ്ചുറി നേടിയ സച്ചിന്റെ റിക്കാർഡാണു കോഹ്ലി മറികടന്നത്. ഇന്നത്തെ മത്സരത്തിലേതടക്കം ലങ്കയ്ക്കെതിരേ കോഹ്ലിയുടെ സെഞ്ചുറി നേട്ടം പത്തായി. വിരാട് കോഹ്ലി അവസാനമായി കളിച്ച നാല് ഇന്നിംഗ്സുകളിൽ മൂന്നാം സെഞ്ചുറിയാണ് കാര്യവട്ടത്ത് പിറന്നത്. ഡിസംബറിൽ ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയ കോഹ്ലി ഈ മാസം പത്തിന് നടന്ന ശ്രീലങ്കയ്ക്കെതിരായ പരന്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയിരുന്നു. ഗ്രൗണ്ടിൽ കൂട്ടിയിടി; ഗുരുതര പരിക്ക് കാര്യവട്ടം: ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ ഫീൽഡിംഗിനിടെ കൂട്ടിയിടിച്ചു ലങ്കൻ താരങ്ങൾക്കു ഗുരുതര പരിക്ക്. ലങ്കയുടെ മധ്യനിര ബാറ്റ്സ്മാൻ അഷൻ ഭണ്ഡാര, സ്പിന്നർ ജെഫ്രി വാൻഡെർസെ എന്നിവർക്കാണു ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്ത്യൻ ബാറ്റിംഗിന്റെ 43-ാം ഓവറിലായിരുന്നു സംഭവം. സി. കരുണരത്നയുടെ ഓഫ് സ്റ്റന്പിനു പുറത്തുവന്ന ഷോർട്ട് ബോൾ വിരാട് കോഹ്ലി ബൗണ്ടറിയിലേക്കു പായിക്കാൻ ശ്രമിച്ചു. അതിവേഗം ബൗണ്ടറിയിലേക്കു പാഞ്ഞ പന്ത് തടയാൻ ഡീപ് ബാക്ക്വേഡ് സ്ക്വയർ ലെഗിൽനിന്ന് വാൻഡെർസെയും ഡീപ് മിഡ്വിക്കറ്റിൽ നിന്നു ഭണ്ഡാരയും ഓടിയെത്തി. ഗ്രൗണ്ടിൽ വീണു പന്ത് തടയാൻശ്രമിച്ച ഭണ്ഡാര വാൻഡെർസെയുമായി കൂട്ടിയിടിക്കുകയായിരുന്നു. വീഴ്ചയിൽ വാൻഡെർസെയുടെ കഴുത്തിനു സാരമായ പരുക്കുപറ്റി. ടീം ഡോക്ടർമാർ പ്രാഥമിക ശ്രുശൂഷ നൽകിയശേഷം താരത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു നീക്കി. പരിക്കേറ്റ ഇരുവരെയും സ്ട്രച്ചറിലാണ് ഗ്രൗണ്ടിൽനിന്നു പുറത്തേക്കു കൊണ്ടുപോയത്. ഭണ്ഡാരയുടെ പരിക്ക് അതീവഗുരുതരമാണെന്നും കുറഞ്ഞത് ആറു മാസത്തോളം താരത്തിനു കളത്തിൽനിന്നു വിട്ടുനിൽക്കേണ്ടി വരുമെന്നുമാണ് അനൗദ്യോഗിക വിവരം. വാൻഡെർസെയ്ക്കു പകരം സബ്സ്റ്റിറ്റ്യൂട്ടായി ദുനിത് വെല്ലലാഗയെ ഉൾപ്പെടുത്തിയാണു ലങ്ക ബാറ്റിംഗിന് ഇറങ്ങിയത്. ആളൊഴിഞ്ഞ്… കാര്യവട്ടം: കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മുൻ മത്സരങ്ങളിൽ ആരാധകരെക്കൊണ്ടു ഗാലറികൾ നിറഞ്ഞുകവിഞ്ഞിരുന്നു. എന്നാൽ, ഇത്തവണ കാണികളുടെ എണ്ണത്തിൽ വൻ കുറവാണുണ്ടായത്. ഗാലറികളിൽ വൻതോതിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നു. ലോവർ ടിയറിലെ പല ബോക്സുകളിലും പേരിനു മാത്രമാണ് കാണികളുണ്ടായിരുന്നത്. മത്സരം ഉച്ചമുതൽ ആരംഭിക്കുന്നതിനാൽ ആ സമയത്തെ അസഹനീയമായ ചൂടുമൂലം പലരും സ്റ്റേഡിയത്തിലെത്താൻ മടിച്ചു. ഏകദിന പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരന്പര സ്വന്തമാക്കിയതും വിനോദ നികുതി വിവാദങ്ങൾ ഉൾപ്പെടെയുള്ളവയും കാര്യവട്ടത്തെ ടിക്കറ്റ് വിൽപ്പനയെ പ്രതികൂലമായി ബാധിച്ചതായാണു സൂചന.
Source link