ജമ്മുവും കടന്ന് കേരള എക്സ്പ്രസ്
കോഴിക്കോട്: ജമ്മു കാഷ്മീരും കടന്ന് കേരള എക്സ്പ്രസിന്റെ ചൂളംവിളി… 76-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് യോഗ്യതാ പോരാട്ടത്തിൽ ഗ്രൂപ്പ് രണ്ടിൽ കേരളം തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ കേരളം 3-0ന് ജമ്മു കാഷ്മീരിനെ തോൽപ്പിച്ചു. ഇതോടെ ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. വിഘ്നേഷ്, റിസ്വാൻ അലി, നിജോ ഗിൽബർട്ട് എന്നിവരാണ് ജമ്മു കാഷ്മീരിനെതിരേ കേരളത്തിനായി സ്കോർ ചെയ്തത്. മുൻ മത്സരങ്ങളിൽ രാജസ്ഥാൻ (0-7), ബിഹാർ (1-4), ആന്ധ്രപ്രദേശ് (0-5) ടീമുകൾക്കെതിരേ ഗോൾ വർഷിച്ച കേരളത്തെ ആദ്യപകുതിയിൽ ജമ്മു കാഷ്മീർ നിശബ്ദമാക്കി. എന്നാൽ, ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 51-ാം മിനിറ്റിൽ കേരളം ലീഡ് സ്വന്തമാക്കി. നിജോ ഗിൽബർട്ട് ചിപ് ചെയ്ത് നൽകിയ പാസിൽനിന്നു വിഘ്നേഷ് ജമ്മു കാഷ്മീരിന്റെ വല കുലുക്കി. ഗോൾകീപ്പറെയും മറികടന്ന് അസാധ്യ ആംഗിളിൽനിന്നായിരുന്നു വിഘ്നേഷിന്റെ ഫിനിഷിംഗ്. 76-ാം മിനിറ്റിൽ കേരളം ലീഡുയർത്തി. ഇടതുഭാഗത്തുനിന്ന് പന്തുമായി മുന്നേറി വിശാഖ് മോഹൻ നൽകിയ പാസ് റിസ്വാൻ അലി വലയിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ കേരളത്തിന്റെ മൂന്നാം ഗോൾ എത്തി. വിഘ്നേഷ് നൽകിയ പാസിൽനിന്ന് നിജോ ഗിൽബർട്ട് (90+3’) ആയിരുന്നു മൂന്നാം ഗോൾ നേടിയത്. ഇതോടെ നാല് മത്സരങ്ങളിൽനിന്ന് നിജോ ഗിൽബർട്ടിന്റെ ഗോൾ സന്പാദ്യം അഞ്ച് ആയി.
തീരുമാനം ഞായറാഴ്ച സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം നേരിട്ട് യോഗ്യത നേടുമോ എന്ന് ഞായറാഴ്ച അറിയാം. ഞായറാഴ്ചത്തെ നിർണായക പോരാട്ടത്തിൽ മിസോറം ആണു കേരളത്തിന്റെ എതിരാളി. ഗ്രൂപ്പ് രണ്ടിൽ കേരളവും മിസോറവും നാലു ജയംവീതം നേടി 12 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ, ഗോൾ ശരാശരിയിൽ കേരളമാണു മുന്നിൽ. മിസോറമിനെതിരേ സമനില നേടിയാലും കേരളത്തിന് ഫൈനൽ റൗണ്ടിൽ കളിക്കാം. നാല് മത്സരങ്ങളിൽ 19 ഗോൾ അടിച്ചുകൂട്ടിയ കേരളം ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. മിസോറം 13 ഗോൾ അടിച്ചപ്പോൾ മൂന്ന് ഗോൾ വഴങ്ങി. ആറ് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണു ഫൈനൽ റൗണ്ടിലേക്കു നേരിട്ട് യോഗ്യത നേടുന്നത്. മികച്ച മൂന്നു രണ്ടാം സ്ഥാനക്കാർക്കും യോഗ്യത ലഭിക്കും.
Source link