കൊറോണ വൈറസ് തലച്ചോറില്‍ എട്ട് മാസത്തിലധികം താമസിക്കാമെന്ന് പഠനം


തലച്ചോര്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പല അവയവങ്ങളിലേക്ക് പടരുന്ന കൊറോണ വൈറസ് ഇവിടങ്ങളില്‍ എട്ട് മാസത്തോളം തങ്ങി നില്‍ക്കുമെന്ന് പഠനം. കോവിഡ് മൂലം മരണപ്പെട്ട 44 പേരുടെ മൃതദേഹ പരിശോധന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് 2020 ഏപ്രിലിനും 2021 മാര്‍ച്ചിനും ഇടയിലാണ് മരണപ്പെട്ടവരുടെ മൃതദേഹ പരിശോധന സാംപിളുകള്‍ പരിശോധിച്ചത്. 

മരണപ്പെട്ട രോഗികളില്‍ ആരും തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ല. 38 പേരുടെ രക്ത പ്ലാസ്മയില്‍ പോസിറ്റീവ് ഫലം കാണിച്ചപ്പോള്‍ മൂന്ന് പേരുടെ രക്ത പ്ലാസ്മ ഫലം നെഗറ്റീവായിരുന്നു. മൂന്ന് പേരുടെ രക്ത പ്ലാസ്മ ലഭ്യമായിരുന്നില്ല. ഈ 44 പേരുടെ ശരാശരി പ്രായം 62.5 ആയിരുന്നു. ഇവരില്‍ 30 ശതമാനം പേര്‍ സ്ത്രീകളുമായിരുന്നു. ലക്ഷണങ്ങള്‍ പ്രത്യക്ഷമായതിനും മരണത്തിനും ഇടയിലുണ്ടായ ശരാശരി സമയം 18.5 ദിവസങ്ങളായിരുന്നു. ശ്വാസകോശമല്ലാതെയുള്ള ശരീരത്തിന്റെ മറ്റിടങ്ങളിലും ലക്ഷണങ്ങള്‍ പ്രത്യക്ഷമായി ആദ്യ രണ്ടാഴ്ചയ്ക്കകം വൈറസ് പെരുകിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. 

തലച്ചോറിന് പുറമേ അഡ്രിനല്‍ ഗ്രന്ഥി, കണ്ണ്, ഹൃദയം, ലിംഫ് നോഡുകള്‍, ദഹനനാളി എന്നിവിടങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തി. സാംപിളുകള്‍ പരിശോധിച്ച ശരീരത്തിന്റെ 55 ഇടങ്ങളില്‍ 25 ഇടത്തും വൈറസ് സാന്നിധ്യമുണ്ടായിരുന്നു. ശരീരത്തിലെ 84 വ്യത്യസ്ത ദ്രവങ്ങളിലും ഇടങ്ങളിലും വൈറല്‍ ആര്‍എന്‍എ ഉണ്ടായിരുന്നതായും പരിശോധന റിപ്പോര്‍ട്ട് പറയുന്നു. രോഗിയുടെ ലക്ഷണങ്ങള്‍ ആരംഭിച്ച് 230 ദിവസത്തിന് ശേഷം വരെ ഒരിടത്ത് വൈറല്‍ ആര്‍എന്‍എ സാന്നിധ്യം രേഖപ്പെടുത്തി. 

ഒരു രോഗിയുടെ ഹൈപോതലാമസിലും സെറിബെല്ലത്തിലും മറ്റ് രണ്ട് രോഗികളുടെ നട്ടെല്ലിലും ബാസല്‍ ഗാംഗ്ലിയയിലും ഗവേഷകര്‍ സാര്‍സ് കോവ്-2 ആര്‍എന്‍എയും പ്രോട്ടീനും കണ്ടെത്തിയെങ്കിലും ഇവ തലച്ചോറിലെ കോശങ്ങള്‍ക്ക് കാര്യമായ ക്ഷതം ഉണ്ടാക്കിയിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. നേച്ചര്‍ മാസികയില്‍ പരിശോധന ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 

Content Summary: COVID-19 may reach human brain and stay for 8 months

Exit mobile version