ശ്രദ്ധിച്ചില്ലെങ്കിൽ ഏതു ഭക്ഷണവും അപകടകാരിയായേക്കാം; തലച്ചോറിനെ വരെ ബാധിക്കാം
അൽഫാമും ഷവർമയും പോലുള്ള ഭക്ഷണങ്ങൾ മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ഏതു ഭക്ഷണവും അപകടകാരിയായേക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പഴകിയ ഭക്ഷണം, ഇവയിൽ കലരുന്ന രാസവസ്തുക്കൾ, മലിനജലം എന്നിവയിലൂടെ ഭക്ഷ്യവിഷബാധയുണ്ടാകാം. ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴുമുണ്ടാകുന്ന അശ്രദ്ധ അണുബാധയ്ക്കു കാരണമാകും. ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലോ ഒരു ദിവസത്തിന്റെ ഇടവേളയിലോ ലക്ഷണം പ്രകടമാകും. ഇതു ഗുരുതരമായാൽ തലച്ചോറിനെയും നാഡീവ്യൂഹത്തെയും വരെ ബാധിച്ചു മരണത്തിനു കാരണമായേക്കാം.
ഭക്ഷ്യവിഷബാധ – ലക്ഷണങ്ങൾ
ഛർദി, മനംപുരട്ടൽ, വയറിളക്കം, വയറുവേദന, ശരീരത്തിൽ തരിപ്പ്, വിശപ്പു കുറയൽ, വയർ സ്തംഭിച്ച അവസ്ഥ, പനി, ക്ഷീണം, തലകറക്കം, കടുത്ത തലവേദന, അടിവയറിന്റെ ഭാഗങ്ങളിൽ വേദന, മലത്തിൽ ചോരയുടെ അംശം, ഹൃദയമിടിപ്പിലെ വ്യതിയാനം, സോഡിയം – പൊട്ടാസ്യം എന്നിവ കുറഞ്ഞ് ബോധക്ഷയം എന്നിവ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാകാം. ലക്ഷണം കൂടുതൽ നേരം നീണ്ടു നിന്നാലോ ഗുരുതരമായാലോ ആശുപത്രിയിൽ ചികിത്സ തേടണം.
ചികിത്സ
ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധ ചിലപ്പോൾ വയറിളക്കത്തിനു ശേഷമോ ഛർദിച്ച ശേഷമോ മാറിയേക്കാം. ഈ സമയത്ത് തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒആർഎസ് ലായനി എന്നിവ നന്നായി കുടിക്കണം. ലക്ഷണങ്ങൾ ഗുരുതരമായാലും നീണ്ടുനിന്നാലും ആശുപത്രിയിൽ ചികിത്സ തേടണം.
Content Summary: Food Poisoning: Causes, Symptoms and treatment