Site icon onlinekeralanews.com

കുട്ടികളെ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചു; രണ്ടാനമ്മയും പിതാവും അറസ്റ്റിൽ

മലപ്പുറം: കുട്ടികളെ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച കേസിൽ രണ്ടാനമ്മയും പിതാവും അറസ്റ്റിൽ. മലപ്പുറം കാവന്നൂർ തോട്ടിലങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർ സ്വദേശിയായ രാജേഷ് ശർമ്മ(39), രണ്ടാം ഭാര്യ ഷീലാ ദേവി (34) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. ഷീലാ ദേവിയാണ് അഞ്ച്, ആറ്, 11 വയസുള്ള പെൺകുട്ടികളുടെ കാലിലും തുടയിലും ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ കാര്യം ചോദിച്ചറിഞ്ഞ ശേഷം പൊലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചു. മുറിവിൽ അണുബാധയുണ്ടായിരുന്നു.

കുട്ടികളെ പട്ടിണിക്കിടുക, ഇരുമ്പുവടി കൊണ്ടും മറ്റും മർദ്ദിക്കുക, മുറിവേൽപ്പിക്കുക തുടങ്ങിയ കടുത്ത ശാരീരിക പീഡനങ്ങളാണ് രണ്ടാനമ്മ നടത്താറുള്ളതെന്ന് പൊലീസ് പറയുന്നു. കത്തി ചൂടാക്കി കുട്ടികളുടെ ശരീരത്തിൽ പൊള്ളിച്ച സംഭവം നേരത്തെയുമുണ്ടായിട്ടുണ്ട്. പലപ്പോഴും മുറിയിൽ പൂട്ടിയിട്ടിട്ട് പുറത്തേക്ക് പോവാറുണ്ടെന്നും കുട്ടികൾ മൊഴി നൽകി. രാജേഷ് ശർമ്മയും പലപ്പോഴും ഇതിന് കൂട്ടുനിന്നിട്ടുണ്ട്.

ഫർണിച്ചർ കടയിൽ ജോലി ചെയ്യുന്ന ഇരുവരും മൂന്ന് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. കുട്ടികളെ സ്‌കൂളിൽ വിടാറില്ല. മാതാപിതാക്കളുടെ സ്വഭാവത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശവാസിയായ മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്‌.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.


Source link
Exit mobile version