മനാഫ് വധം: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

മഞ്ചേരി: എടവണ്ണ ഒതായി മനാഫ് വധക്കേസിൽ ഒന്നാംപ്രതി ഷഫീഖ് മാലങ്ങാടന്(56) ജീവപര്യന്തം തടവ് വിധിച്ചു. ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. മഞ്ചേരി അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കേസിലെ രണ്ടാംസാക്ഷിയും മനാഫിന്റെ സഹോദരിയുമായ ഫാത്തിമയ്ക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
മുൻ എം.എൽ.എ പി.വി.അൻവറിന്റെ സഹോദരീപുത്രനാണ് ഷെഫീഖ്. ഒന്നാം സാക്ഷി ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറിയതിനാൽ രണ്ടാംപ്രതിയായിരുന്ന പി.വി. അൻവർ ഉൾപ്പെടെ 21 പ്രതികളെ 2009 സെപ്തംബർ 24ന് മഞ്ചേരി അഡിഷനൽ ജില്ലാ സെഷൻസ് കോടതി വിട്ടയച്ചിരുന്നു.
തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഭാര്യയും താനും രോഗികളാണെന്നും കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നും പ്രതി ഷഫീഖ് കോടതിയിൽ പറഞ്ഞു. 30 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്. മറ്റ് മൂന്ന് പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. മൂന്നാം പ്രതിയും ഷെഫീഖിന്റെ സഹോദരനുമായ മാലങ്ങാടൻ ഷെരീഫ്, 17-ാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19-ാം പ്രതി എളമരം പയ്യനാട്ടുതൊടിക കബീർ എന്നിവരെയാണ് വെറുതെ വിട്ടത്.
1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. മനാഫിന്റെ കുടുംബവും പ്രതികളുടെ കുടുംബവും തമ്മിൽ ഭൂമി സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Source link



